
ഗള്‍ഫു നാടുകളിലെ എന്‍പ്രിയ മലയാളി സുഹൃത്തുക്കള്‍ക്കു വേണ്ടി
എരിയുന്ന ചൂടില്‍ നിന്നുമെന്നോര്മ്മകള്
തരുനിരകള് കുളിരേകും മണ്ണിലേക്കൊഴുകുന്നു
എന്‍ പ്രിയ നാടിനെ വേര് പിരിഞ്ഞെന്നാലും
എന്‍ മനമിന്നും നിന്നരികിലല്ലോ
ഓര്മ്മകളെത്തായിടങ്ങളുണ്ടോ
സ്വപ്നങ്ങള്‍ താണ്ടാത്ത ദൂരമുണ്ടോ
എന്‍ ഓര്‍മ്മകളില്‍ എന്‍ സ്വപ്നങ്ങളില്‍
എന്നെന്നും ഞാന്‍ നിന് മടിത്തട്ടിലല്ലേ
നടക്കാന്‍ പഠിപ്പിച്ച വഴിത്താരകള്‍
വീണു മുറിവേറ്റ ഇടവഴികള്‍
നീന്തല്‍ പഠിച്ചൊരാ കൊച്ചു തോടും
കളി വണ്ടിയോടിച്ച മണ്പാതയും
ഒരു നഷ്ട ബാല്യത്തിന്നോര്മ്മകളേകി-
യിന്നെന്നകതാരില് നിറഞ്ഞു നില്പൂ
അറിവിന് ആദ്യാക്ഷരങ്ങളെനിക്കേകി
ഒരു മഹാ ലോകം തുറന്നു തന്ന-
എന്‍ പ്രിയ വിദ്യാലയവും
സൗഹൃദത്തിന്നര്ത്ഥമെന്തെന്നറിയിച്ച
എന്നുടെ പ്രിയ സ്നേഹിതരും
മാവിലെറിഞ്ഞും മഴ നനഞ്ഞും
ചെളിവെളളം തെറിപ്പിച്ചുമെത്രനേരം
കളികള്‍ പറഞ്ഞും വഴക്കടിച്ചും
കൊച്ചു കുസൃതികള്‍ നിറഞ്ഞൊരാ യാത്രകളും
നിറം മങ്ങാത്ത വര്‍ണ്ണ ചിത്രങ്ങളായ്
എന്നുളളിലിപ്പോഴും നിറഞ്ഞു നില്പൂ
അരികലുളളപ്പോളറിഞ്ഞില്ല നിന്നെ ഞാന്‍
അകലെയായപ്പോളറിയുന്നു നിന്നെ ഞാന്‍
എന്‍ പ്രിയ ദേശമേ നിന് മടിത്തട്ടില്‍
ഒരു വട്ടം കൂടി വീണു മയങ്ങുവാന്‍
നിന് സൗരഭ്യത്താലുളളം നിറയ്ക്കുവാന്‍
ഞാനെത്ര കൊതിക്കുന്നു നീയതറിയുന്നുവോ
SALU ALINTHRA